മോഹൻദാസ് കരംചന്ദ് ഗാന്ധി – 1869 ഒക്ടോബർ 2 – 1948 ജനുവരി 30

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ അമരക്കാരനും രാഷ്ട്രപിതാവും; സത്യം,അഹിംസ എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പോരാട്ടങ്ങളെ സ്വാധീനിച്ച വിശ്വപൗരൻ.
ജീവിതരേഖയും പ്രധാന നാഴികക്കല്ലുകളും
- ജനനം: 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്തറിൽ.
- പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്ലീഭായ്.
- ദക്ഷിണാഫ്രിക്കൻ ജീവിതം (1893 – 1914): അഭിഭാഷകനായി എത്തിയ ഗാന്ധിജി അവിടെ നിലനിന്നിരുന്ന വർണ്ണവിവേചനത്തിനെതിരെ പൊരുതി. ഈ കാലഘട്ടത്തിലാണ് സത്യാഗ്രഹം എന്ന സമരമുറ ആദ്യമായി പ്രയോഗിച്ചത്.
- ഇന്ത്യയിലേക്ക് മടക്കം: 1915 ജനുവരി 9-ന് ഇന്ത്യയിൽ തിരിച്ചെത്തി (ഈ ദിവസം ഇന്ത്യയിൽ ‘പ്രവാസി ഭാരതീയ ദിനം’ ആയി ആചരിക്കുന്നു).
- ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഗുരു.
- ആദ്യകാല പ്രാദേശിക സമരങ്ങൾ:
- ചമ്പാരൻ സത്യാഗ്രഹം (1917 – നീലം കർഷകർക്കായി)
- ഇന്ത്യയിൽ മഹാത്മാഗാന്ധി നേതൃത്വം നൽകിയ ആദ്യത്തെ സത്യാഗ്രഹസമരമാണ് ചമ്പാരൻ സത്യാഗ്രഹം. 1917-ൽ ബീഹാറിലെ ചമ്പാരൻ പ്രദേശത്താണ് ഈ സമരം നടന്നത്. അവിടത്തെ കർഷകരെ ബ്രിട്ടീഷുകാർ ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് പകരം നിർബന്ധിച്ച് നീലംകൃഷി ചെയ്യിക്കുകയും അതുവഴി കർഷകർ കടുത്ത സാമ്പത്തിക ദുരിതം അനുഭവിക്കേണ്ടിയും വന്നു. കർഷകരുടെ ദുരവസ്ഥ മനസിലാക്കിയ ഗാന്ധിജി ചമ്പാരനിലെത്തി അവരുടെ പ്രശ്നങ്ങൾ നേരിട്ട് പഠിച്ചു. ഗാന്ധിജിയുടെ ശ്രമഫലമായി ബ്രീട്ടീഷ് സർക്കാർ കർഷകരുടെ പരാതികൾ അന്വേഷിക്കാൻ തയ്യാറായി. ഒടുവിൽ കർഷകർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കപ്പെട്ടു.
- അഹമ്മദാബാദ് മിൽ സമരം (1918),
- ഖേഡ സത്യാഗ്രഹം (1918).
പ്രധാന സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ
- നിസ്സഹകരണ പ്രസ്ഥാനം (1920): ബ്രിട്ടീഷ് ഭരണവുമായി നിസ്സഹകരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. വിദേശവസ്ത്രങ്ങളും സാധനങ്ങളും ഉപേക്ഷിച്ച് സ്വദേശി സാധനങ്ങൾ ഉപയോഗിക്കാൻ ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു. 1922-ൽ ചൗരിചൗരാ സംഭവത്തെ തുടർന്ന് സമരം പിൻവലിച്ചു.
- നിയമലംഘന പ്രസ്ഥാനവും ഉപ്പുസത്യാഗ്രഹവും (1930): ഉപ്പ് നിയമം ലംഘിച്ചുകൊണ്ട് സബർമതി മുതൽ ദണ്ഡി വരെ നടത്തിയ ദണ്ഡി യാത്ര (മാർച്ച് 12 – ഏപ്രിൽ 6). ബ്രിട്ടീഷ് സർക്കാർ ഉപ്പിന് നികുതി ഏർപ്പെടുത്തുകയും ഇന്ത്യക്കാർക്ക് സ്വതന്ത്രമായി ഉപ്പ് നിർമ്മിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തതിനെതിരെയായിരുന്നു ഉപ്പുസത്യാഗ്രഹം.
- 1930 മാർച്ച് 12ന് മഹാത്മാഗാന്ധി ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്ന് ദണ്ഡിയിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചു. 78 അനുയായികളോടൊപ്പം ആരംഭിച്ച ഈ യാത്ര ഏകദേശം 390 കിലോമീറ്റർ സഞ്ചരിച്ച് ഏപ്രിൽ 6ന് ദണ്ഡിയിലെത്തി. അവിടെ കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് നിർമിച്ച് ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചു.
- ക്വിറ്റ് ഇന്ത്യാ സമരം (1942): ബ്രിട്ടീഷുകാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അന്തിമ സമരം. 1942 ആഗസ്റ്റ് 8ന് ബോംബയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ് സമരത്തിന് അന്തിമ രൂപം നൽകിയത്. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or Die) എന്നതായിരുന്നു ഗാന്ധിജിയുടെ ആഹ്വാനം.
ആശയങ്ങളും സംഭാവനകളും
- സത്യവും അഹിംസയും: അക്രമം ഒന്നിനും പരിഹാരമല്ലെന്നും, ആത്മവിശ്വാസവും ധാർമ്മിക ശക്തിയുമാണ് ഏറ്റവും വലിയ ആയുധമെന്നും അദ്ദേഹം വിശ്വസിച്ചു.
- ഗ്രാമസ്വരാജ്: ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയ്ക്കും ഖാദി, കുടിൽ വ്യവസായങ്ങൾക്കും മുൻഗണന നൽകി.
- സമൂഹ്യ പരിഷ്കരണം: ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ശബ്ദമുയർത്തി. അടിച്ചമർത്തപ്പെട്ടവരെ “ഹരിജനങ്ങൾ” (ദൈവത്തിന്റെ മക്കൾ) എന്ന് വിളിച്ചു.
- പ്രധാന കൃതികൾ: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (ആത്മകഥ), ഹിന്ദ് സ്വരാജ്.
ഗാന്ധിയും പത്രങ്ങളും
മഹാത്മാഗാന്ധി തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി വിവിധ കാലഘട്ടങ്ങളിലായി പത്രാധിപത്യം വഹിക്കുകയും ആരംഭിക്കുകയും ചെയ്ത പ്രധാന പത്രങ്ങളും പ്രസിദ്ധീകരണങ്ങളും താഴെ പറയുന്നവയാണ്:
1. ഇന്ത്യൻ ഒപ്പീനിയൻ (Indian Opinion)
- വർഷം: 1903
- സ്ഥലം: ദക്ഷിണാഫ്രിക്ക
- ഭാഷകൾ: ഇംഗ്ലീഷ്, ഗുജറാത്തി, തമിഴ്, ഹിന്ദി
- ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ നേരിട്ട വർണ്ണവിവേചനത്തിനും നീതിനിഷേധങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങളുടെ മുഖപത്രമായിരുന്നു ഇത്. ഫീനിക്സ് സെറ്റിൽമെന്റിൽ നിന്നാണ് ഇത് പ്രധാനമായും അച്ചടിച്ചിരുന്നത്.
2. യങ് ഇന്ത്യ (Young India)
- വർഷം: 1919
- സ്ഥലം: അഹമ്മദാബാദ് (ഇന്ത്യ)
- ഭാഷ: ഇംഗ്ലീഷ്
- നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ഗാന്ധിജിയുടെ രാഷ്ട്രീയ നിലപാടുകളും അഹിംസാ സിദ്ധാന്തങ്ങളും ജനങ്ങളിലേക്കെത്തിച്ച വാരിക. ജംനാദാസ് ദ്വാരകാദാസ് തുടങ്ങിയവരിൽ നിന്നാണ് ഗാന്ധിജി ഇതിന്റെ പത്രാധിപത്യം ഏറ്റെടുത്തത്.
3. നവജീവൻ (Navajivan)
- വർഷം: 1919
- സ്ഥലം: അഹമ്മദാബാദ്
- ഭാഷ: ഗുജറാത്തി (പിന്നീട് ഹിന്ദി പതിപ്പും ആരംഭിച്ചു)
- സാധാരണക്കാരായ ഗ്രാമീണരിലേക്ക് ഗാന്ധിയൻ ചിന്തകളും ഖാദി, ഗ്രാമസ്വരാജ് ആശയങ്ങളും എത്തിക്കാൻ തുടങ്ങിയ പ്രതിവാര പത്രം. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ആദ്യമായി തുടർച്ചയായി പ്രസിദ്ധീകരിച്ചത് നവജീവനിലാണ്.
4. ഹരിജൻ (Harijan)
- വർഷം: 1933
- സ്ഥലം: പൂനെ / അഹമ്മദാബാദ്
- ഭാഷ: ഇംഗ്ലീഷ്
- അയിത്തോച്ചാടനം, ദളിത് മുന്നേറ്റം, തൊട്ടുകൂടായ്മയ്ക്കെതിരെയുള്ള പോരാട്ടം എന്നിവയ്ക്കായി സമർപ്പിച്ച പ്രസിദ്ധീകരണം.
5. ഹരിജൻ ബന്ധു & ഹരിജൻ സേവക്
- ഹരിജൻ ബന്ധു: ‘ഹരിജൻ’ പത്രത്തിന്റെ ഗുജറാത്തി പതിപ്പ്.
- ഹരിജൻ സേവക്: ‘ഹരിജൻ’ പത്രത്തിന്റെ ഹിന്ദി പതിപ്പ്.
ഗാന്ധിജി കേരളത്തിൽ
1920,1925,1927,1934,1937 എന്നിങ്ങനെ 5 തവണ ഗാന്ധിജി കേരളം സന്ദർശിച്ചു.
- 1920 ആഗസ്റ്റ് 18 – ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ പ്രചരണാർത്ഥം
- 1925 മാർച്ച് 8- വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്. തിരുവനന്തപുരത്ത് റാണി ലക്ഷ്മി ഭായിയെയും ശിവഗിരിയിൽ ശ്രീനാരയണ ഗുരുവിനെയും സന്ദർശിച്ചു.
- 1927 ഒക്ടോബർ 9- തെക്കേ ഇന്ത്യൻ പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിലെ യോഗങ്ങളിലും പങ്കെടുത്തു.
- 1934 ജനുവരി 10- ഹരിജന ഫണ്ട് പിരിക്കുന്നതിൻ്റെ ഭാഗമായി
- 1937 ജനുവരി 13- ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റെ പശ്ചാത്തലത്തിൽ. ‘ഒരു തീർത്ഥാടനം’ എന്നാണ് ഗാന്ധിജി തൻ്റെ ഈ യാത്രയെ ഗാന്ധിജി വിശേഷിപ്പിച്ചത്.
1948 ജനുവരി 30-ന് ന്യൂഡൽഹിയിലെ ബിർള മന്ദിരത്തിൽ പ്രാർത്ഥനയ്ക്കെത്തിയ ഗാന്ധിജി നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസാ ദിനമായി 2007 മുതൽ ആചരിക്കുന്നു.